ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
സാമൂഹ്യ സാംസ്കാരിക ചരിത്രം

ഭൂപ്രകൃതിയനുസരിച്ച് പടിഞ്ഞാറ് തീരസമതലവും, നടുവില്‍ സമതലവും, കിഴക്കേയറ്റം താഴ്വാരവുമായി പഞ്ചായത്തിനെ തരം തിരിക്കാം. ഉള്‍നാടന്‍ പ്രദേശങ്ങളിലെ  ചില കുളങ്ങളില്‍ കക്കയുടെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണുന്നുണ്ട്. കടല്‍ വെച്ചുപോയ സ്ഥലമാണെന്നുള്ള നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 13.60 ചതുരശ്രകിലോമീറ്റര്‍ ആണ്.കയ്പമംഗലം എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കയ്പമംഗലത്തെ കാക്കാത്തുരുത്തിയെക്കുറിച്ച് കോകസന്ദേശത്തില്‍ വര്‍ണ്ണിച്ചുകാണുന്നുണ്ട്. ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ സമീപപ്രദേശമാണ് കയ്പമംഗലം എന്നുള്ളതിനാല്‍ കൊടുങ്ങല്ലൂര്‍ ചരിത്രവുമായി കയ്പമംഗലത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഒരുകാലത്ത് കൊടുങ്ങല്ലൂര്‍രാജാവിന്റെ സാമന്തരായിരുന്ന പാലപ്പെട്ടി കോവിലകത്തിന്റെ അധീനതയിലായിരുന്നു കയ്പമംഗലം. ചേറ്റുവ മുതല്‍ കോതപറമ്പ് വരെയുള്ള അയിരൂര്‍ അയ്യായിരത്തില്‍ ഈ പ്രദേശവും ഉള്‍പ്പെട്ടിരുന്നു. പാലപ്പെട്ടി കോവിലകത്തിന്റെ ഇടപ്രഭുവായിരുന്ന വാക്കയില്‍ കയ്മള്‍ എന്നയാളായിരുന്നു ഈ പ്രദേശത്തെ പ്രധാനനാടുവാഴി. ടിപ്പു സുല്‍ത്താന്‍ തന്റെ സൈന്യവുമായി പടയോട്ടം നടത്തിയിരുന്നപ്പോള്‍ പട്ടാളക്യാമ്പായി കയ്പമംഗലം കൊപ്രക്കളം എന്ന കച്ചേരിപ്പറമ്പ് ഉപയോഗിച്ചിരുന്നു. കച്ചേരിപറമ്പ് എന്ന പേര് വരാന്‍ തന്നെ കാരണം ടിപ്പുവിന്റെ സൈനിക കോടതി അവിടെ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ്. കനോലികനാല്‍ നിര്‍മ്മിക്കപ്പെടുന്നതിന് മുമ്പുതന്നെ കൊടുങ്ങല്ലൂര്‍ തുറമുഖവും മറ്റു വാണിജ്യപ്രദേശങ്ങളുമായി കയ്പമംഗലത്തിന് ജലഗതാഗതമാര്‍ഗ്ഗമുണ്ടായിരുന്നു. തൂമ്പുങ്ങലിന് സമീപമുള്ള തോണിക്കുളം ഈ ഗതാഗതശൃംഖലയുടെ പ്രധാനകേന്ദ്രമായിരുന്നു. തിരുവിതാംകൂറില്‍നിന്ന് വടക്കോട്ടൊഴുകി ബേപ്പൂര്‍പുഴ വരെ എത്തുന്ന ഉള്‍നാടന്‍ ജലഗതാഗതമാര്‍ഗ്ഗമായ കനോലികനാല്‍ കയ്പമംഗലത്തിന്റെ കിഴക്കേ അതിരിലൂടെയാണ് ഒഴുകുന്നത്. മലബാര്‍ കളക്ടര്‍ ആയിരുന്ന കനോലിസായ്പ് ഉത്തരവിട്ട് കുഴിപ്പിച്ചതാണ് ഈ കനാല്‍. കയ്പമംഗലത്തിന്റെ തീരപ്രദേശമായ കൂരിക്കുഴിയില്‍ വലിയ പത്തേമാരികള്‍ അടുക്കാനുള്ള സൌകര്യവുമുണ്ടായിരുന്നു. പ്രമുഖജന്മിയുടെ വീട്ടുവിളപ്പിലേക്ക് പത്തേമാരി എത്തിച്ചേരാനുള്ള ജലഗതാഗതമാര്‍ഗ്ഗമുണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. കൂടാതെ അന്ന് കൂരിക്കുഴിയെ കൂര്‍ക്കുഴി എന്നാണ് അറിയപ്പെട്ടിരുന്നത്. കയ്പമംഗലത്തെ പ്രമുഖക്ഷേത്രങ്ങളാണ് അയിരൂര്‍ മഹാവിഷ്ണുക്ഷേത്രവും, ചളിങ്ങാട് ശ്രീസുബ്രഹ്മണ്യക്ഷേത്രവും, അഗസ്ത്യേശ്വരക്ഷേത്രവും. ഇതില്‍ അയിരൂര്‍ക്ഷേത്രം കേരളത്തിലെ രണ്ടാമത്തെ മഹാവിഷ്ണുപ്രതിഷ്ഠയാണെന്ന് ഐതിഹ്യം പറയുന്നു. മറ്റൊരു ക്ഷേത്രമായ അഗസ്ത്യേശ്വര ശിവക്ഷേത്രം കുടുംബക്ഷേത്രമാണ്. ഈ ക്ഷേത്രം അഗസ്ത്യമുനി സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവകളിലെ വിഗ്രഹപ്രതിഷ്ഠകളുമായി കയ്പമംഗലത്തിന് ചരിത്രപരമായ ബന്ധമുണ്ട്. മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ കുടുങ്ങി മുക്കുവര്‍ക്ക് ലഭിച്ച 4 വിഗ്രഹങ്ങള്‍ വാക്കയില്‍ കൈമളെ ഏല്‍പിക്കുകയുണ്ടായത്രെ. വാക്കയില്‍ കൈമള്‍ പ്രസ്തുതവിഗ്രഹങ്ങള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പ്രതിഷ്ഠക്കായി ഏല്‍പിച്ചു. കേരളത്തില്‍ ആദ്യത്തെ മുസ്ളീം ദേവാലയമായ ചേരമാന്‍ പള്ളിക്കുശേഷം നിലവില്‍ വന്ന പള്ളികളിലൊന്നാണ് കയ്പമംഗലം കൂരിക്കുഴി ജുമാമസ്ജിദ്. മസ്ജിദ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലസൌകര്യമൊരുക്കികൊടുത്തത് വാക്കയില്‍ കൈമളായിരുന്നു. പൊന്നാനി താലൂക്കിലെ വാക്കയില്‍ കുടുംബം, കൊടുങ്ങല്ലൂര്‍ കോവിലകം, ഏലൂര്‍മന, ഒളനാട്ട് പണിക്കര്‍, അയിരൂര്‍ ദേവസ്വം, ദേശമംഗലം, കുമരംചിറ ദേവസ്വം, പുതുവീട്ടില്‍ കുടുംബം എന്നിവരായിരുന്നു ഈ നാട്ടിലെ ഭൂമി മുഴുവന്‍ കൈയടക്കി വച്ചിരുന്ന ജന്മിപ്രമാണിമാര്‍. 80 ശതമാനം സ്വത്തുക്കളും ഇവരുടെ കൈവശമായിരുന്നു. പാട്ടകുടിയാന്‍മാരിലൂടെ കൃഷി ചെയ്തിരുന്ന ഇവരില്‍ മിക്കവരും കയ്പമംഗലത്തിന് പുറത്തായിരുന്നു താമസം എന്നതിനാല്‍ ഭൂപരിഷ്കരണനിയമത്തിന് മുമ്പുതന്നെ പല പാട്ടകുടിയാന്മാര്‍ക്കും കൈവശമുണ്ടായിരുന്ന ഭൂമി സ്വന്തം ഭൂമിപോലെ തന്നെയായിരുന്നു. ഈഴവ, അരയ, നായര്‍, മുസ്ളീം പ്രമാണിമാര്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു കയ്പമംഗലം. രാഷ്ട്രീയ നേതൃത്വം മിക്കവാറും ഇവരുടെ കൈകളിലായിരുന്നു. 1930-കളില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കയ്പമംഗലത്തുമെത്തിയിരുന്നു. 1952-ല്‍ കൈപൊക്കി വോട്ടിലൂടെ ആദ്യപഞ്ചായത്തുഭരണസമിതി അധികാരമേറ്റു. ആ തെരഞ്ഞെടുപ്പില്‍ കണ്ടങ്ങത്ത് ഭാസ്കരന്‍ പ്രസിഡന്റായി. 1963-ല്‍ ജനകീയസ്വഭാവത്തിലുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദേവസ്വത്തിന്റേയും നാലോ അഞ്ചോ ജന്മിമാരുടേയും കൈവശമുണ്ടായിരുന്ന 80% കൃഷിഭൂമിയും, കാര്‍ഷികഭൂപരിഷ്കരണത്തോടെ പാട്ടകുടിയാന്‍മാര്‍ക്ക് ലഭിച്ചു. പിന്നീട് ഗള്‍ഫുമേഖല സൃഷ്ടിച്ച പണക്കൊഴുപ്പിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക കുതിച്ചുചാട്ടം തന്നെ ഈ പ്രദേശത്തുണ്ടായി. പഞ്ചായത്തിലെ 75% മുസ്ളീം കുടുംബംഗങ്ങളും ഗള്‍ഫുമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പഴയ ഓലപ്പുരയുടേയും ഓടിന്റേയും സ്ഥാനത്ത് കോണ്‍ക്രീറ്റുവീടുകള്‍ ഉയരുന്നു. ഗള്‍ഫ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും വീട് പണിയുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ ആണ് ചിലവഴിക്കപ്പെട്ടിട്ടുള്ളത്. പാടങ്ങള്‍ നികത്തപ്പെട്ടതും ഭൂമിയുടെ വില വര്‍ദ്ധിച്ചതും ഇതിന്റെ ദൂഷ്യഫലങ്ങളാണ്. ഗള്‍ഫുപണത്തിന്റേയും സാമൂഹ്യമാറ്റത്തിന്റേയും വ്യവസ്ഥിതിയുടേയും മറ്റും ഫലമായി കൃഷിഭൂമി തുണ്ടുവല്‍ക്കരിക്കപ്പെട്ടു. അരനൂറ്റാണ്ടിനു മുമ്പ് നെല്‍പാടങ്ങളും തെങ്ങിന്‍തോപ്പുകളും ഇടകലര്‍ന്ന് ഉയര്‍ന്നുതാഴ്ന്നുകിടക്കുന്ന ഭൂപ്രകൃതിയായിരുന്നു. ആ കാലത്തുണ്ടാക്കിയിരുന്ന മത്തങ്ങ, വെള്ളരിക്ക, കുമ്പളം മുതലായ പച്ചക്കറികള്‍ വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവെച്ച് ഉപയോഗിച്ചിരുന്നു. മച്ചിന്‍മേല്‍ തൂങ്ങിയിരുന്ന കതിര്‍കുലയും വെള്ളരി, കുമ്പളം മുതലയാവയും വീട്ടുമുറ്റത്ത് ഉയര്‍ന്നുനിന്നിരുന്ന വൈക്കോല്‍ കൂനകളും വീട്ടുവളപ്പിലെ കാലിത്തൊഴുത്തും കുളങ്ങളും ഗ്രാമത്തില്‍ എങ്ങും ദൃശ്യമായിരുന്നു.കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാമച്ചം ഉല്‍പാദിപ്പിച്ചിരുന്ന പ്രദേശം എന്ന ബഹുമതി ഈ പഞ്ചായത്തിനാണ്. മിക്ക വീടുകളിലും കോഴി, താറാവ്, ആടുമാടുകള്‍, നായ, പൂച്ച എന്നിവയെ വളര്‍ത്തിയിരുന്നു. പശുക്കളേയും കാളകളേയും വളരെ അപൂര്‍വ്വമായേ ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നുള്ളൂ. ആട്, കോഴി, താറാവ് എന്നിവയെ ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു. താരതമ്യേന അന്നത്തെ മാടുകള്‍ രോഗവിമുക്തവുമായിരുന്നു. അസുഖങ്ങള്‍ വന്നാല്‍ നാടന്‍ചികിത്സയായിരുന്നു. ആധുനികരീതിയിലുള്ള മത്സ്യബന്ധനസമ്പ്രദായം ആ കാലത്ത് ഉണ്ടായിരുന്നില്ല. അഞ്ചുപേര്‍ വീതം കയറുന്ന വഞ്ചികളിലും രണ്ടോ മൂന്നാ പേര്‍ കയറുന്ന ഒഴുക്കുചെറുവഞ്ചികളിലുമുള്ള മത്സ്യബന്ധനമായിരുന്നു പഴയ കാലത്തെ രീതി. തുടര്‍ന്ന് ഈ മേഖലയില്‍ ശ്രദ്ധേയമായ ഒരു മാറ്റമുണ്ടായത് ഏനംവല(കമ്പവല)കളുടെ ആവിര്‍ഭാവത്തോടു കൂടിയാണ്. മത്സ്യങ്ങളെ തടഞ്ഞുനിര്‍ത്തി കൂട്ടത്തോടെ വലക്കുള്ളിലാക്കി വലിച്ചുകയറ്റുന്ന രീതിയാണ് ഏനംവല. ക്രമേണ ഈ മത്സ്യബന്ധനരീതി പരാജയപ്പെടുകയും അപ്രത്യക്ഷമാവുകയുമാണുണ്ടായത്. എന്നാല്‍ ഇന്ന് പഴയ സമ്പ്രദായങ്ങള്‍ പാടെ ഇല്ലാതാവുകയും ആധുനിക യന്ത്രവല്‍ക്കരണത്തിന്റെ കാറ്റ് മത്സ്യത്തൊഴിലാളിമേഖലയുടെ മുഖഛായ മാറ്റുകയും ചെയ്തു.കയ്പമംഗലത്തെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് 1896-ല്‍ സ്ഥാപിച്ച പള്ളി സ്കൂള്‍ എന്ന ആര്‍.സി.യു.പി.സ്ക്കൂള്‍. കത്തോലിക്കാ പള്ളിയോടനുബന്ധിച്ച് ഏകദേശം 100 വര്‍ഷത്തിനുമുമ്പ് പ്രവര്‍ത്തിച്ചിരുന്ന എല്‍.പി.സ്ക്കൂളാണ് ഇന്നത്തെ ആര്‍.സി.യു.പി.സ്ക്കൂള്‍. ഏറ്റവും പഴക്കമുള്ള വിദ്യാലയവും ഇതുതന്നെയാണ്. വിദ്യാഭിവര്‍ദ്ധിനിസഭ 1922-ല്‍ ആരംഭിച്ച എലിമെന്ററി സ്ക്കൂളാണ് ഇന്നത്തെ ഗവണ്‍മെന്റ് എല്‍.പി.സ്ക്കൂള്‍ കയ്പമംഗലം(കൂരിക്കുഴി). തുടര്‍ന്ന് ഈ സ്ക്കൂള്‍ മലബാര്‍ ഡിസ്ട്രിക്ട് ഏറ്റെടുത്ത് ഗവ.സ്ക്കൂളാക്കിമാറ്റി. 1933-ല്‍ വിജയഭാരതി സ്ക്കൂള്‍ തുടങ്ങി. സ്വതന്ത്ര്യലബ്ധിക്കുമുമ്പ് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയമായിരുന്നു കയ്പമംഗലം ബീച്ചിലെ ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. റാവു ബഹദുര്‍ വി.ഗോവിന്ദന്‍ മദിരാശി സംസ്ഥാന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് ഈ സ്ക്കൂള്‍ ഫിഷറീസ് സ്ക്കൂളായി മാറിയത്.1930-ലാണ് വായനശാലാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. കയ്പമംഗലം പള്ളിനടയില്‍ ഫ്രണ്ട്സ് യൂണിയന്‍ ക്ളബ് എന്ന പേരിലാണ് വായനശാലയാരംഭിച്ചത്. തൃശ്ശൂര്‍ ജില്ലയുടെ തീരദേശ പഞ്ചായത്തുകളിലൊന്നായ കയ്പമംഗലം ജില്ലയുടെ തെക്കേ അറ്റത്തുള്ള ചിരപുരാതന തുറമുഖങ്ങളിലൊന്നാണ്. ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ (അഴിക്കോട്) നിന്ന് പതിമൂന്ന് കിലോമീറ്റര്‍ വടക്ക് മാറിയാണ് കയ്പമംഗലം സ്ഥിതി ചെയ്യുന്നത്. കോട്ടപ്പുറം പുഴയേയും ചേറ്റുവ അഴിമുഖത്തെയും തെക്ക് വടക്ക് ബന്ധിപ്പിക്കുന്ന കനോലി കനാലില്‍ നിര്‍മ്മിച്ചിട്ടുള്ള കാക്കാത്തുരുത്തി പാലം പഞ്ചായത്തിന്റെ തെക്ക് കിഴക്ക് മൂലയിലാണ്. പ്രസ്തുത പാലത്തെ മൂന്ന് പീടികയുമായും തുടര്‍ന്ന് പടിഞ്ഞാറ് കടല്‍ത്തീരവുമായും ബന്ധിപ്പിക്കുന്ന റോഡാണ് പഞ്ചായത്തിന്റെ തെക്കേ അതിര്. 4 കിലോമീറ്റര്‍ അറബിക്കടലാണ് പടിഞ്ഞാറെ അതിര്. കടലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ കിഴക്കുഭാഗത്ത് കൂടിയാണ് എന്‍.എച്ച്. 17 പോകുന്നത്. കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിന് പടിഞ്ഞാറുഭാഗം മിക്കവാറും കടല്‍ത്തീരം വരെ അമ്പത്-നൂറ് മീറ്റര്‍ വീതിയില്‍ പാടവും പറമ്പുമായി ഇടവിട്ടുകിടന്നിരുന്നു. ഇങ്ങനെയുണ്ടായിരുന്ന ഒരുപ്പൂ, ഇരുപ്പൂപാടങ്ങള്‍ മിക്കവയും ഇന്ന് നിരത്തുഭൂമികളായി മാറിയിട്ടുണ്ട്. ഇത്തരം ഭൂമികളെല്ലാം പാടങ്ങളായിരുന്നപ്പോള്‍ മഴ പെയ്തുകൂടുന്ന വെള്ളം ഒഴുകി കടലിലേക്ക് എത്തുന്നതിന് ചെറുതും വലുതുമായ തോടുകളുടെ കുറ്റമറ്റ ഒരു ശൃംഖലതന്നെയുണ്ടായിരുന്നു. ഇന്നീ തോടുകളെല്ലാം ചെറിയ ചെറിയ തുണ്ടുകളായി നികത്തപ്പെടുകയും ഭൂവുടമകളാല്‍ അവഗണിക്കപ്പെടുകയും ചെയ്തതു മൂലം ഈ ഭൂമികളില്‍ മിക്കവയും വര്‍ഷക്കാലം മുഴുനീളെ വെള്ളക്കെട്ട് എന്ന മാറാവ്യാധിയുടെ പിടിയിലാണ്. ടിപ്പുസുല്‍ത്താന്‍ ചേറ്റുവയിലും കോട്ടപ്പുറത്തും കോട്ടകള്‍ ഉണ്ടാക്കിയിരുന്നു. ഈ കോട്ടകളിലേക്കുള്ള മാര്‍ഗ്ഗം കയ്പമംഗലം പഞ്ചായത്തിന്റെ മണല്‍ നിറഞ്ഞ പാതകളിലൂടെയായിരുന്നു. ഇന്ന് നിലവിലുള്ള എന്‍.എച്ച് 17 ആണ് പ്രധാനമായും ടിപ്പുവിന്റെ യാത്രയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. മണല്‍ നിറഞ്ഞ ഈ വഴി ടാര്‍ ചെയ്തു ദേശീയ പാതയായി ഏറ്റെടുക്കുന്നതുവരെ ടിപ്പുസുല്‍ത്താന്‍ റോഡെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മേല്‍ പറഞ്ഞ എന്‍.എച്ച് 17-ന് സമാന്തരമായി കിഴക്ക് മതിലകം പള്ളി മുതല്‍ ചേറ്റുവ വരെയും പടിഞ്ഞാറ് അഴിക്കോട് മുതല്‍ ചേറ്റുവ വരേയും ടിപ്പു സുല്‍ത്താന്‍ റോഡെന്ന പേരില്‍ രണ്ട് റോഡുകള്‍ കയ്പമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. 1940-കള്‍ വരെ ജലഗതാഗതമാര്‍ഗ്ഗവും ഈ പ്രദേശത്ത് സാര്‍വ്വത്രികമായിരുന്നു. ബ്രിട്ടീഷുകാരനായ കനോലി സായ്പാണ് പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂരകനാല്‍ നിര്‍മ്മിച്ചത്. പ്രസ്തുത കനാല്‍ ഇന്ന് കനോലി കനാല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. കോട്ടപ്പുറം മുതല്‍ ചേറ്റുവ-ചാവക്കാട്- പൊന്നാനി വരെ നീണ്ട് കിടക്കുന്നതാണ് ഈ കനാല്‍. വള്ളം പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പു കൊടുക്കുന്നതിനായി മണിമുട്ടി അറിയിക്കാറുണ്ടായിരുന്നു. കൂടാതെ വിവാഹ യാത്രകള്‍ക്കും മറ്റും കെട്ടുവള്ളങ്ങളും ചെറുവഞ്ചികളും ഉപയോഗിക്കാറുണ്ടായിരുന്നു. കയ്പമംഗലത്തെ പുരാതനമായ ക്രിസ്തീയ ദേവാലയമാണ് സെന്റ് ജോസഫ് ചര്‍ച്ച്. പ്രാചീന കലകളായ തട്ടുമ്മകളി, ഐവര്‍കളി, പെറോട്ടുനാടകം, പകിടകളി, കളരിപയറ്റ് എന്നിവ ഇന്ന് മണ്‍മറഞ്ഞുപോയെങ്കിലും ഇവയില്‍ പ്രാഗല്‍ഭ്യമുണ്ടായിരുന്ന ഒട്ടേറെ കലാകാരന്‍മാര്‍ കയ്പമംഗലത്ത് ജീവിച്ചിരുന്നു. കളമെഴുത്ത് കലയില്‍ ഏറ്റവും പ്രഗല്‍ഭന്‍മാരായിരുന്നു കോന്തുആശാന്‍, കറപ്പക്കുട്ടിആശാന്‍ എന്നിവര്‍. അനവധി ശിഷ്യസമ്പത്തുണ്ടായിരുന്ന ഗോപാലനാശാന്‍ പ്രമുഖ നാഗസ്വര, തകില്‍ വിദ്വാനായിരുന്നു. വായ്പാട്ടില്‍ കുട്ടനാശാനും, ഉടുക്ക്കൊട്ടുപാട്ടില്‍ കയ്പമംഗലത്തെ ആദ്യകാല കലാകാരന്‍മാരായിരുന്ന കൊളങ്ങര വെളിച്ചപ്പാടന്‍മാരും, കൈതവിളപ്പില്‍ വേലായുധനാശാനും പ്രസിദ്ധരായിരുന്നു.