ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
തെരുവ് നായ നിയന്ത്രണം-തദ്ദേശസ്ഥാപനതല സമിതി യോഗം

തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനായി രൂപീകരിക്കുന്ന കൈപ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ തദ്ദേശസ്ഥാപനതലസമിതി 26 5 2026 ചൊവ്വാഴ്ച 10 30 ന് ഗ്രാമപഞ്ചായത്ത് ഹോളിൽ വച്ച് ചേർന്നു. യോഗത്തിൽ ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബീനാ സുരേന്ദ്രൻ അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് കൊച്ചുവീട്ടിൽ യോഗത്തിന് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ശ്രീ സക്കറിയ, പഞ്ചായത്ത് സെക്രട്ടറി ശ്രീ. പരമേശ്വരൻ പി ഡി, അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീമതി. ആശ പി എൻ,  കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബിജിത്ത്, സബ് ഇൻസ്പെക്ടർ ശ്രീ. അജാസുദ്ദീൻ , സീനിയർ വെറ്റിനറി സർജൻ ശ്രീ. രാഗേഷ് , കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സിജി , പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാൻ ശ്രീ. ജോഷി, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗാംഗങ്ങളുടെ അഭിപ്രായങ്ങളും ചർച്ചകളും പരിഗണിച്ച് താഴെ കാണുന്ന തീരുമാനങ്ങൾ എടുത്തു.

1. 24 5 2026 തീയതി ആറു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരണം നടത്തിയ സാഹചര്യത്തിൽ കൃത്യമായ നിയന്ത്രണവും പൊതുജന ബോധവൽക്കരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. അന്നത്തെ തെരുവു നായയുടെ ആക്രമണം നടന്ന പ്രദേശങ്ങളിൽ സമ്പർക്കം വരുന്ന മറ്റു നായകൾക്കും കടിയേറ്റിട്ടുണ്ടാകാമെന്നും അവർ വഴി പേവിഷബാധ പടർന്നു പിടിക്കാനുള്ള സാധ്യതയിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ടി പ്രദേശങ്ങളിലെ മുഴുവൻ നായകളെയും ഇല്ലായ്മ ചെയ്യുന്നതിന് ഈയൊരു അവസ്ഥയിൽ ബഹു ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിക്ക് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു. /

2. തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നത് പ്രധാനമായും മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലങ്ങളിലാണെന്നതിനാൽ പഞ്ചായത്ത് പരിധിയിലുള്ള. ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഇറച്ചി വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിൻറെ ഭാഗമായി ഇത്തരം സ്ഥലങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തുന്നതിന് തീരുമാനിച്ചു. /

3. പൊതുസ്ഥലങ്ങളിലെ ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് റോഡരികുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാനുള്ള ജാഗ്രത ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. /

4. വന്ധ്യംകരണവും വാക്സിനേഷനും (ABC Program) ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ABC): തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രദേശത്തെ തെരുവ് നായ്ക്കളെ കണ്ടെത്തി വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള പദ്ധതികള്‍ ജില്ലാതലത്തിൽ ആസൂത്രണം ചെയ്തു വരുന്നതാണ്. അതിന് പഞ്ചായത്തിന്റെ സർവാത്മനായുള്ള സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. /

5. ആന്റി-റേബീസ് വാക്സിനേഷന്‍: പേവിഷബാധ തടയുന്നതിനായി തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും കൃത്യമായ ഇടവേളകളില്‍ വാക്സിനേഷന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പഞ്ചായത്ത് വെറ്റിനറി സർജനോട് ആവശ്യപ്പെട്ട് തീരുമാനിച്ചു. /

6. ഡോഗ് ഷെല്‍ട്ടറുകള്‍: ആക്രമണകാരികളായ നായ്ക്കളെയും രോഗം ബാധിച്ചവയെയും താൽക്കാലികമായി നിരീക്ഷിക്കുന്നതിന് താൽക്കാലിക ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി തീരുമാനിച്ചു. /

7.  വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന്‍: വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുകയും അവയെ തെരുവിലേക്ക് ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള കർശനനടപടികൾക്ക് തീരുമാനിച്ചു. /

8.  ബോധവല്‍ക്കരണവും സുരക്ഷാ മുൻകരുതലുകളും പൊതുജനങ്ങള്‍ക്കുള്ള അറിവും: നായ്ക്കളുടെ ആക്രമണമുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണം, സുരക്ഷാ മാനദണ്ഡങ്ങള്‍ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണം നടത്തുന്നതിന് തീരുമാനിച്ചു. നായുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് റണ്ണിംഗ് വാട്ടറിൽ മുറിഭാഗം കഴുകുന്നത് ഭൂരിഭാഗം വൈറസുകളെയും നശിപ്പിക്കുന്നതിന് സാധിക്കാവുന്ന പ്രതിരോധ നടപടിയാണെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു. /

9.  അടിയന്തര സഹായ സംവിധാനങ്ങള്‍
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: പ്രദേശത്ത് അപകടകാരികളായ നായ്ക്കളെ കണ്ടാല്‍ വിവരമറിയിക്കാന്‍ രണ്ടോ മൂന്നോ വാർഡുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ തലത്തിൽ ജനകീയ ജാഗ്രത സമിതികൾ രൂപവൽക്കരിക്കുന്നതിന് തീരുമാനിച്ചു. /

10. പ്രഥമശുശ്രൂഷാ ലഭ്യത: നായ്ക്കളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ ആവശ്യമായ വാക്സിനുകളും ചികിത്സയും ലഭ്യമാക്കാന്‍ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.

യോഗം ഒരു മണിയോടുകൂടി സമാപിച്ചു

തെരുവ് നായ നിയന്ത്രണം-തദ്ദേശസ്ഥാപനതല സമിതി യോഗം